ആവശ്യം തന്നെ ഇതിന്റേയും മാതാവ്. പിതാവ് ഞാനും
മലയാളത്തില്‍ ഒരു കത്ത് എന്റെ അമ്മാവന് എഴുതിയപ്പോള്‍ (15 കൊല്ലം മുമ്പ്…ഇപ്പോള്‍ ആര് ആര്‍ക്ക് കത്തയക്കുന്നു.) അതില്‍ രണ്ടോ മൂന്നോ അക്ഷരത്തെട്ടുണ്ടെന്നു പറഞ്ഞ് കളിയാക്കിയതിനു ശേഷം പിന്നെ ഞാന്‍ ആര്‍ക്കും കത്തയച്ചിട്ടില്ല.
8 കൊല്ലം മുമ്പ് ഞങ്ങള്‍ പള്ളി ലൈബ്രറിയുടെ ധനശേഖരണാര്‍ത്ഥം ഒരു ബൈബിള്‍ ക്വിസ് നടത്തിയിരുന്നു. മലയാളത്തില്‍ ..ഒരു പക്ഷേ അത്തരത്തിലുള്ള ആദ്യ സംരംഭം. യൂണികോഡ് മലയളത്തില്‍ ഇല്ലാതിരുന്ന കാലം. ഇന്ദുലേഖ ഫോണ്ട് ഉപയോഗിച്ചാണ് ക്വിസിനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിയിരുന്നത്. പ്രൂഫ് റീഡിങ്ങിനായി വേര്‍ഡ് ഉപയോഗിച്ച് തുറന്നു നോക്കിയപ്പോള്‍ എല്ലാ വാക്കിന്റെ അടിയിലും ചുവന്ന വര. എല്ലാം അക്ഷരതെറ്റോ?
പിന്നെത്തെ നോട്ടത്തില്‍ മനസ്സിലായി വേര്‍ഡിനു മലയാളം വാക്കു ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ അറിയില്ലെന്ന്. അന്നു കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി. പഠിച്ചത് പ്രയോഗത്തില്‍ വരുത്താന്‍ ഇതു തന്നെ അവസരം. എഴുതി തുടങ്ങി ഒരു അക്ഷരതെറ്റുതിരുത്തല്‍ സഹായി (spell checker). പോത്ത് ഓടിയാല്‍ എവിടേ വരെ? വേലി വരെ! ഒന്നാമത് പക്കാ C പ്രോഗ്രാമാണ് ഉപയോഗിച്ചത്. രണ്ടാമത് യൂണികോഡും ഇല്ല.
കാലം എന്നെ ഒരു ഗസ്റ്റ് ലക്ചറര്‍ ആക്കി. 2001 ലെ ഇരട്ട ഗോപുരം (twin tower) തകര്‍ന്നു വീണതു ഞങ്ങളുടെ നെഞ്ചിലേക്കായിരുന്നു. വേറെ ഒരു പണിയും എടുക്കാതെ തുരുമ്പു പിടിക്കേണ്ട എന്നു കരുതി പഠിപ്പിക്കാം എന്നു കരുതി. സുന്ദരമായ ജോലി. ഇഷ്ടം പോലെ സമയം ബാക്കി. പിന്നേയും പൊടി തട്ടിയെടുത്തു. ഇത്തവണ C യെ ഉപേക്ഷിച്ച് Yacc എന്ന ഉപകരണം ഉപയോഗിച്ചു നോക്കി. കൊള്ളം കിടിലന്‍ സാധനം . കുറേശ്ശേ കക്ഷി പ്രവര്‍ത്തിക്കുനുണ്ട്. പക്ഷേ പിന്നേയും തടസങ്ങള്‍ ..ഇതെങ്ങിനെ നാട്ടുകാടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കും ? ലിനക്സ് അത്ര പ്രചാരത്തില്‍ ആയിരുന്നില്ല. Yacc ഇരിക്കുന്നത് ലിനക്സിലും. മാത്രമല്ല, നൂറു വാക്കിന്റെ നിഘണ്ടു വച്ച് ഒന്നും ചെയ്യാനും സാധിക്കില്ല. പണി പിന്നേയും പാതിവഴിയില്‍ ഉപേക്ഷിക്കുക മാത്രമല്ല ഇതു എനിക്കു പറ്റിയ പണിയല്ല എന്നു മനസ്സിലാകുകയും ചെയ്തു.
പിന്നേയും എന്റെ കമ്പ്യൂട്ടറില്‍ കുറെ മൌസ് ക്ലിക്കുകള്‍ വെറുതെ കിലുങ്ങി. ബ്ലോഗിങ്ങിനായി മാത്രം. അങ്ങിനെ ഒരു നാള്‍ ആ സത്യം മനസ്സിലാക്കി. മലയാളത്തിലും യുണികോഡ് വന്നിട്ടുണ്ട്. ആശയുടെ ഒരു പുല്‍നാമ്പ് എന്നിലും വീണു. പരിശോധിച്ചു നോക്കി. കൊള്ളം വരമൊഴിയിലൂടെ ഭംഗിയായി ടൈപ്പും ചെയ്യാം. തുടങ്ങിയാലോ എന്നു ‘കൈകള്‍ ‘ എന്നോടു മന്ത്രിച്ചു. പക്ഷേ തലയും ഹൃദയവും ഒരു പോലെ എന്നെ വിലക്കി. രണ്ടു തവണ പരാജയപ്പെട്ടവന്‍ ഇനിയും വേണ്ടാത്ത പണിക്കു പോണോ എന്നു തലയും, ചെയ്യുന്നതുനു മുമ്പേ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ ഹൃദയവും മൊഴിഞ്ഞു.
വശങ്ങള്‍ … എങ്ങിനെ ആളുകള്‍ക്കിതു ഉപയോഗിക്കാന്‍ കാണാന്‍ കഴിയും? യൂണികോഡില്‍. എന്തില്‍ കാണിക്കും? ബ്രൌസറില്‍. കാരണം ? അതു വിന്‍ഡോസിലും ലിനക്സിലും അതു പ്രവര്‍ത്തിക്കും. ഏതു തരം പ്രോഗ്രാമില്‍ ? (എനിക്കു ഒട്ടും താത്പര്യമില്ലാതിരുന്ന) JavaScript, php എന്നിവയില്‍. ഇഷ്ടമില്ലാത്തവയില്‍ എന്തിനു ചെയ്യണം. എന്റെ ഇഷ്ടമല്ലല്ലോ പ്രധാനം; കാര്യം നടക്കണ്ടേ?
എന്തായിരിക്കണം ആദ്യപടി? ഒരു ലിപ്യന്തര ഉപകരണം (translitarator) .
രണ്ടാമത്തേത്… ഒരു വലിയ നിഘണ്ടു. വലിയത് എന്നു പറഞ്ഞാല്‍ ഒരു 20,000 വാക്കുകളെങ്കിലും ഉള്ളത്.
മൂന്നാമത്തേത് … ഒരു വേര്‍ഡ് പ്രോസെസ്സര്‍.
നാലാമത്തേത്… ഒരു സ്പെല്‍ ചെക്കര്‍
അഞ്ചാമത്തേത് ..ഒരു പരിഭാഷകന്‍ (translator).. ഉവ്വവ്വേ! ഇംഗ്ലീഷ് നേരെ ചൊവ്വേ പറയാനറിയാത്ത ഞാന്‍ തന്നെ ഇങ്ങനെ പ്ലാന്‍ ചെയ്യണം.
തുടരുമായിരിക്കും.
-YaSJ