Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

ഭാഗം -1
വാശി...ഒന്നൊന്നര വാശി


“എന്റെ മോന്‍ ആവശ്യമുള്ള ഒരു കാര്യത്തിനും വാശി പിടിക്കില്ല” എന്നു എന്റെ അമ്മ പറയും... ചുള്ളത്തി ഉദ്ദേശിച്ചത്‌ ഞാനൊരു അനാവശ്യ വാശിക്കാരനാണെന്നാണ്. പക്ഷേ മഷിത്തണ്ടിനെ സഹായിച്ച രണ്ടു വാശികള്‍ ഞാന്‍ പിടിച്ചിട്ടുണ്ട്.
ഒന്ന്) വലയില്ലാത്ത മീന്‍ പിടിക്കുന്നതു പോലെയാണ് കമ്പ്യൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് പഠിക്കുന്നത്‌. അതുകൊണ്ട് കമ്പ്യൂട്ടര്‍ വാങ്ങി തന്നില്ലെങ്കില്‍ ഞാന്‍ ഇനി കോളേജില്‍ പോകില്ല. സീമന്ത പുത്രന്റെ ശാഠ്യം കണ്ട് അപ്പന്‍ ചില്ലറയല്ല പകച്ചത്‌. മച്ചാന്‍ പകരം ഒരു നിബന്ധന വെച്ചു. വാങ്ങി തരാമെന്നു പറഞ്ഞിരുന്ന ബൈക്ക് തരില്ല. പകരം കമ്പ്യൂട്ടര്‍. അങ്ങിനെ ഒരു ടീനേജുക്കാരന്റെ ബൈക്ക് എന്ന മോഹം അവിടെ ഉപേക്ഷിച്ചു.

രണ്ടാമത്തെ വാശി) വരമൊഴി എഡിറ്റര്‍ കണ്ടിട്ടും അതില്‍ ബ്ലോഗ് ചെയ്യില്ല എന്ന ശപഥം. കാരണം ... നാണാവില്ലേടാ നിനക്കു വേറെ ആണ്‍പ്പിളേരെഴുതിയ സോഫ്റ്റ്‌വെയറും വെച്ച് ചവറ് എഴുതാന്‍‌ എന്ന മിഥ്യാഭിമാനം. നഷ്ടം എനിക്കു തന്നെ. കഷ്ടപ്പെട്ട് ഇം‌ഗ്ലീഷില്‍ ബ്ലൊഗിങ്. പക്ഷേ അതു ഗുണം ചെയ്തു. വരമൊഴി പതിവായി ഉപയോഗിച്ച് രസം പിടിച്ചിരുന്നെങ്കില്‍ മഷിത്തണ്ട് ഉണ്ടാകുമായിരുന്നില്ല.

മലയാളത്തിലെ മികച്ച സംരംഭങ്ങളില്‍ ഒന്നായ വരമൊഴിയുടെ സൃഷ്ടാവ് സിബുവിനേയും, മൊഴികീമാന്റെ സ്വന്തം രാജ് നേയും സര്‍വ്വോപരി അഞ്ചലിഓള്‍ഡ് ലിപ്പി എഴുതി മലയാളത്തിന് ഇന്റര്‍നെറ്റില്‍ ഒരു കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ കെവിനേയും ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. സന്തോഷ് തോട്ടിങലിന്റെ ഡിക്ഷണറിയും സ്പെല്‍ച്ചെക്കറും പരാമര്‍ശിച്ചില്ലെങ്കില്‍ ഈ അനുസ്മരണയോഗം പൂര്‍ണ്ണമാവില്ല. നിങ്ങള്‍ തെളിച്ചിട്ട പാതയിലൂടെ മഷിത്തണ്ടും നടന്നു വരുന്നു.

അതുശരി, ഡിക്ഷണറിയും സ്പെല്‍ച്ചെക്കറും ഉണ്ടായിട്ടും ഈ ചെക്കന്‍ പിന്നേയും അതു തന്നെ ഉരുവിടുന്നതെന്ത് എന്നു നിങ്ങള്‍ക്കു തോന്നാം. എന്തിനും ഏതിനും സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് അതു അപ്ഡേറ്റ് ചെയ്യുന്ന രീതിയോട് എനിക്കു യോജിപ്പില്ല എന്നതു തന്നെ കാരണം. എന്തും ഫ്രെഷ് ആയി നെറ്റില്‍. എവിടെ പോയാലും നമ്മോടൊപ്പം ഉണ്ടാകുന്ന ഇന്റര്‍നെറ്റ് ഉപകരണങ്ങളോട് എനിക്കു താത്പര്യം. അതുകൊണ്ടാണ് മഷിത്തണ്ട് ഇന്റര്‍നെറ്റില്‍ മാത്രം എന്ന തത്വം നടപ്പാക്കുന്നത്.

മഷിത്തണ്ടിന്റെ ലിപ്യന്തര ഉപകരണം
javascript നോട് പൊതുവേ താത്പര്യം ഇല്ലാത്ത ഞാന്‍ അതുപഠിച്ചു ;എന്നുപറഞ്ഞാല്‍ ടൂട്ടോറിയല്‍ നോക്കി പകര്‍ത്താന്‍ പഠിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഇതിനോടകം 150k javascript code എഴുതിയിട്ടും ആ സ്ഥിതിക്കു മാറ്റമൊന്നും ഇല്ല. compiler construction എന്ന വിഷയത്തിലെ recursive decent parser എന്ന തരം ‘കുന്ത്രാണ്ടം’ മഷിത്തണ്ടിനു വേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചു. കാരണം വേറെ ഒന്നും അല്ല. അതാണ് എനിക്കു എളുപ്പമായി തോന്നിയത്‌. അങ്ങിനെ മഷിത്തണ്ടിന്റെ ലിപ്യന്തരണ (transliterator) ഉപകരണം ഉണ്ടാക്കി. 2006 നവം‌ബര്‍ 1 ന് കേരളപിറവിയുടെ സുവര്‍ണ്ണ ജൂബിലി ദിനത്തില്‍ അതു പ്രസിദ്ധീകരിച്ചു. [ലിങ്ക്]

അങ്ങിനെ ആദ്യകടമ്പ കടന്നു കൂടി.

(തുടരണം എന്നുണ്ട്, നോക്കട്ടേ)