Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

ഡാം തകര്‍ന്നാല്‍ അതോടുകൂടി കരാറും കഴിഞ്ഞു. മലവെള്ളപാച്ചിലില്‍ ഒരൊറ്റ മലയാളി മരിച്ചാല്‍ പിന്നെ, ഒരു തുള്ളി വെള്ളം തമിഴ്നാടിന് കൊടുക്കരുത്, പുതിയ ഡാമില്‍ നിന്ന്. കൊടുക്കാന്‍ മലയാളികള്‍ സമ്മതിക്കില്ല. അപ്പോള്‍ എന്താകും ? അവര്‍ വെള്ളം കിട്ടാതെ മരിക്കും... നമ്മള്‍ ഭക്ഷണം ഇല്ലാതെയും! പുതിയ ഡാം പണിഞ്ഞു, പുതിക്കിയ നിരക്കില്‍ തന്നെ, തമിഴ്‌നാടിനു വെള്ളം കൊടുക്കുകയാണ് ശരിയായ പോം വഴി എന്ന് തോന്നുന്നു.

Day 1: വല്യമ്മ :കണ്ടോ ഇവന്‍ അമ്മേടെ വയറ്റില്‍ നിന്ന് ചാടിയതാ.. അന്നകുട്ടി: ഉവ്വോ! ആണോ അമ്മേ? (അമ്മയുടെ വയറു തൊട്ടു നോക്കി ഉറപ്പു വരുത്തുന്നു. അതെ.... വയറു ചെറുതായിട്ടുണ്ട് ) day 2: ... ... കൊച്ചിനെ കാണുവാന്‍ ആശുപത്രിയില്‍ വന്ന ആന്‍റി: കൊള്ളാലോ അനിയന്‍ കുട്ടി. ഞാന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ട് പോയാലോ ! എനിക്ക് കളിപ്പിക്കാന്‍ ഒരാളായി. ഞാന്‍ അനിയന്‍ കുട്ടനെ കൊണ്ട് പോകട്ടെ, അന്നകുട്ട്യെ ? അന്നകുട്ടി (അല്‍പ സമയം ചിന്തയില്‍ ) എന്നിട്ട് അമ്മയോട്: അമ്മേ, അവനെ തിരിച്ച് വയറ്റില്‍ തന്നെ വച്ചോ. അതാ നല്ലത് !

പുതുവത്സര സമ്മാനമായി മകള്‍ (Hannah) വന്നു. ഇതിപ്പോള്‍ ഓണം ബംബര്‍ ആയി മകനും. ഉത്രാട തലേന്ന്‍ ഞാന്‍ വീണ്ടും അച്ഛനായി. (അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.)




ഇനി പേരിനു വേണ്ടിയുള്ള തിരച്ചില്‍ .
John
Jonnah
Anthony (അന്തോണി എന്ന് മലയാളത്തില്‍ , ഏന്തണി എന്ന് ഇംഗ്ലീഷില്‍ ;-)
Antonio

എന്നീ പേരുകള്‍ മനസ്സില്‍ ഉണ്ട്.
ഇതില്‍ ഒന്നോ ഒന്നിലധികമോ പേരുകള്‍ അവന്റെ പേരില്‍ ഉണ്ടാകും.

Antonio John
Jonnah Antony John
Jonnah Anthony.

ഇതില്‍ ഇതു വേണം എന്നാണ്‌ ഇപ്പോള്‍ കണ്ഫ്യൂഷന്‍ .

മലയാളത്തില്‍ മക്കളെ ഹരിശ്രീ വരപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി… മക്കള്‍ക്ക് മലയാളം പറഞ്ഞു കൊടുക്കാന്‍ ഒരു വഴിതിരഞ്ഞു നടക്കുന്നവര്‍ക്കു വേണ്ടി… സര്‍വ്വോപരി മക്കള്‍ മലയാളം എന്തെന്ന് അറിയണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി… മഷിത്തണ്ടിന്റെ മറ്റൊരു സംരഭം … ഹരിശ്രീ!

http://harisree.mashithantu.com/

ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയത് ജോജ്ജുവും അനിലയുമാണ്‌.. (സ്വന്തം മകള്‍ക്കു വേണ്ടി തന്നെ)… അനിമേഷന്‍ ചെയ്തത് പ്രവീണ്‍ കൃഷ്ണന്‍ … ശബ്ദം നല്‍കിയത് പ്രസീദും തുഷാരയും … അണിയറയില്‍ … അനൂപ്, അഭിലാഷ്, ബിജോയ്, ധനുഷ്, തനുജ തുടങ്ങി മഷിത്തണ്ടിന്റെ ഒരു പറ്റം സുഹൃത്തുകളും.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ?

ഹരിശ്രീ: നിങ്ങള്‍ക്കും പങ്കുചേരാം

ഹരിശ്രീ widget

പണ്ട് (6 കൊല്ലം മുമ്പ്) നട്ടപാതിരായ്ക്ക് മാതൃഭൂമി പദപ്രശ്നം പൂരിപ്പിച്ച് പണ്ടാരമടങ്ങിയ കാലമുണ്ടായിരുന്നു. ഇന്നലെ പതിരായ്ക്ക് അതേ മാതൃഭൂമിക്കു വേണ്ടി പദപ്രശ്ന സെര്‍വര്‍ സെറ്റു ചെയ്യുകയായിരുന്നു. കാലത്തിന്റെ ഒരു പോക്കേ!!!

http://crossword.mathrubhumi.com/

അങ്ങിനെ ‘പഴശ്ശി രാജ’ കണ്ടു.. ബ്ലോഗിലെ റിവ്യൂ കള്‍ വായിച്ചിരുന്നതു കൊണ്ട് വലിയ പ്രതീക്ഷ വെയ്ക്കാതെ സിനിമ കാണാന്‍ പറ്റി. ഉം... ഒരു മലയാള സിനിമ എന്നു നോക്കിയാല്‍ ..കൊള്ളാം... പക്ഷേ എഴുത്തുക്കാരന്റ അവകാശവാദങ്ങള്‍ കാണുമ്പോള്‍ ഇതു പോരാ‍...

എന്തോക്കയോ എവിടെയോ മിസ്സിങ് ആണിതിനു്...കാമറ ഫോക്കസിങില്‍ ചില സ്ഥലങ്ങളില്‍ പോരായ്മ മുഴച്ചു കാണാമായിരുന്നു. ‘നീലി‘യ്ക്കെന്തു പറ്റിയോ ആവോ (ഇനി തിയറ്ററുക്കാര്‍ വല്ലതും കട്ട് ചെയ്തോ എന്തോ)... ഒറിജിനാലിറ്റി വളരെ കമ്മിയാണ്... കയറുകെട്ടി ഇറക്കാനാണോ മൂന്നു കൊല്ലം ഇവര്‍ പണിയെടുത്തത്‌?!. പഴശ്ശി രാജ രാത്രിയില്‍ ഒറ്റയ്ക്ക് പോയിട്ടുള്ള പ്രകടനം ‘മാത്രം‘ മതിയായിരുന്നു സായിപ്പിനെ മൊത്തം തോല്‍പ്പിക്കാന്‍. രാത്രിയായതു കൊണ്ടോ എന്തോ തന്റെ പ്രിയപ്പെട്ട വെള്ള കുതിരയുടെ ഒപ്പമല്ല പഴശ്ശി ഒറ്റയാള്‍ പോരാട്ടത്തിനു പോയത്‌.

കുറിച്ച്യരിലും വെളുത്തു തുടുത്ത മോഡലുകള്‍ ഉണ്ടായിരുന്നു... ചുമ്മാ..ഒരു നയനസുഖത്തിനു ഇരിക്കട്ടേ എന്നു കരുതികാണും. ആദ്യത്തെ ഒളിപ്പോര് തീര്‍ത്തും പരിതാപകരം. പോട്ടേ... കുറിച്ച്യര്‍ ഒരു പക്ഷേ അത്ര നിപുണര്‍ ആവില്ല.

പാവം കുങ്കന്‍ ...ചെറുപ്പത്തില്‍ ഉച്ചകഞ്ഞി ഇല്ലാതെ വിഷമിച്ചു പോലും!!! 1980നു ശേഷമായിരിക്കണം ഉച്ചകഞ്ഞി എന്ന കണ്‍സപ്റ്റ് തന്നെ വന്നത് എന്നു തോന്നുന്നു. അത്താഴപട്ടിണി എന്നു മാറ്റി എഴുതാമായിരുന്നു. അതുപോലെ തന്നെ ‘ലണ്ടന്‍‘ എന്നു പ്രയോഗിച്ചു കണ്ടു. ബിലാത്തിപട്ടണം എന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിയുന്നത്‌. ‘നന്ദനം’ സിനിമയില്‍ പോലും ‘ബിലാത്തിയിലേക്കാ’ എന്ന സംഭാഷണ ശലകം ഉണ്ട്. ഓഹ്...എം.ടി. യെ ഉപദേശിക്കാന്‍ ഞാനാര്? നന്നായി ഇംഗ്ലീഷ് പറയാന്‍ കഴിയുന്ന മമ്മൂട്ടി, പഴശ്ശിക്കും വേണ്ടി തപ്പലോടു കൂടി ഇംഗ്ലീഷ് പറയുന്നുണ്ട് അവസാനത്തില്‍. അതു കൊള്ളാം.

ഒരു ഇമോഷണല്‍ ടെച്ചിങ് പഴശ്ശിരാജയോട് തോന്നുന്നില്ല. അതില്‍ എഴുത്തുക്കാരനും സംവിധായകനും ഒരു പോലെ പരാജയപ്പെട്ടു എന്നു തോന്നുന്നു... അതേ സമയം ഇടച്ചേന കുങ്കനോട് കുറച്ചെങ്കിലും വീരാരാധന തോന്നുകയും ചെയ്യും. കോരിത്തരിപ്പിക്കുന്ന ഒരു യുദ്ധകാഹള ഡയലോഗിന്റെ കമ്മി ഉണ്ടെന്നു തോന്നുന്നു... ‘ബ്രേവ് ഹാര്‍ട്ട്‘ കണ്ടവര്‍ ഒരിക്കലും മെല്‍ ഗിബ്സണ്‍ന്റെ ഡയലോഗ് പ്രസന്റേഷന്‍ മറക്കാന്‍ വഴിയില്ല. പോരാത്തതിനു പിന്തിരിഞ്ഞോടുന്ന എതിരാളിയെ ഓടിച്ചിട്ടു വെട്ടുന്നു പഴശ്ശി ???!! മോശം.

പൂക്കുട്ടി കൊള്ളാം... നല്ല ശബ്ദലേഖനം തന്നെ കൊടുത്തിട്ടുണ്ട്‌... പുല്‍മൈതാനത്ത് (300 പട്ടാളക്കാരുടെ) ബൂട്ട് ബീറ്റ് അത്രയ്ക്കു കഠിനമാകുമോ എന്ന സംശയം ബാക്കി.

വെള്ളം ചോദിച്ചു ചുരിക ഒളിപ്പിച്ചു കടത്തിയ സീക്വെന്‍സ് എനിക്കിഷ്ടപ്പെട്ടു. അതുപോലെ തന്നെ പഴശി രാജയുടെ എന്‍‌ട്രി സീക്വെന്‍സും ഇഷ്ടപ്പെട്ടു... ഇടച്ചേന കുങ്കനും കൈതേരി അമ്പുവും തലയ്ക്കല്‍ ചന്തുവും കഴിഞ്ഞേ പഴശ്ശി രാജയ്ക്ക് ഇടമുള്ളൂ ഈ സിനിമയില്‍! ഇതു ശരത്‌കുമാര്‍- ഹരിഹരന്‍ സിനിമ എന്നു പറയുന്നതാകും കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു...

അല്ലെങ്കിലും തോറ്റ ഒരു രാജാവിന്റെ കഥ ഇത്രയെങ്കിലും വിജയിപ്പിച്ചെടുത്തല്ലോ... അതു തന്നെ അഭിമാനത്തിനു വക നല്‍കുന്നു.

അവളുടെ തീരുമാനം അവന്‍ അംഗീകരിച്ചാല്‍ അത് ...കൂട്ടായതീരുമാനം.

മഷിത്തണ്ടു നിഘണ്ടുവിന്റെ പുതിയ പതിപ്പ് ഇന്ന് കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രസദ്ധീകരിക്കുന്നു. പുതിയ വിലാസം സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.



ഉണ്ണികൃഷ്ണന്‍ കെ.പി യാണ് ഈ പുനഃപ്രസദ്ധീകരണത്തിനു ഊര്‍ജ്ജവും ആത്മാവും നല്‍കിയത്. റൂബി ഓണ്‍ റെയില്‍ എന്ന നൂതന വെബ് ടെക്കനോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.

പുതിയതായി കൂട്ടിച്ചേര്‍ത്ത സൌകര്യങ്ങള്‍ പരിശോധിക്കാം

1. ഗൂഗിളിന്റേയും മൊഴിയുടേയും ട്രാന്‍സ്‌ലിറ്റെറേഷനുകള്‍ മഷിത്തണ്ടില്‍ കൂട്ടി ചേര്‍ത്തു. മഷിത്തേണ്ടിന്റെ ട്രാന്‍സ്‌ലിറ്ററേഷനും കീ ബോര്‍ഡും ഒപ്പമുണ്ട്. ഏതാണോ താങ്കള്‍ക്കു സൌകര്യമായി തോന്നുന്നത്‌ അതുപയോഗിച്ച് മലയാളപദങ്ങള്‍ ടൈപ്പു ചെയ്യാവുന്നതാണ്.

2. ഏതൊരാള്‍ക്കും മഷിത്തണ്ടിലെ പദങ്ങളുടെ അര്‍ത്ഥം മാറ്റം വരുത്തി കൂടുതല്‍ കൃത്യത നല്‍കാവുന്നതാണ്. അതിനായി ലോഗിന്‍ ചെയ്യേണ്ടതു പോലുമില്ല. പദങ്ങള്‍ പരിശോധിക്കുന്നവര്‍ അനുവധിച്ചാല്‍ മാത്രമേ പുതിയ അര്‍ത്ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാവുകയുള്ളൂ.

3. അര്‍ത്ഥങ്ങള്‍ ശരിയാണോ തെറ്റുണ്ടോ എന്നു ഉടനടി ഏതൊരാള്‍ക്കും മഷിത്തണ്ടിന്റെ പിന്നണി പ്രവര്‍ത്തകരെ അറിയിക്കാവുന്നതാണ്. അതിനായി പച്ചയും ചുവപ്പും നിറത്തില്‍ തള്ളവിരല്‍ മുകളിലേക്കും താഴേക്കുമായി പിടിച്ചിട്ടുള്ള അടയാളങ്ങള്‍ കാണാം. അര്‍ത്ഥങ്ങളില്‍ തെറ്റ് കണ്ടെത്തിയാല്‍ ‍ ചുവന്ന തള്ളവിരല്‍ അമര്‍ത്തുക.

സാമ്യമുള്ള പദങ്ങള്‍ ഒന്നു കൂടി നവീകരിക്കാനുണ്ട്. അടുത്തു തന്നെ പഴയ നിഘണ്ടുവില്‍ ലഭ്യമായിരുന്ന എല്ലാ സൌകര്യങ്ങളും പുതിയതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. അതിനുശേഷം പഴയ സൈറ്റ് നീക്കം ചെയ്യപ്പെടും.

മഷിത്തണ്ടിന്റെ പുതിയപതിപ്പിലേക്ക് സ്വാഗതം.

ഭാഗം -1
വാശി...ഒന്നൊന്നര വാശി


“എന്റെ മോന്‍ ആവശ്യമുള്ള ഒരു കാര്യത്തിനും വാശി പിടിക്കില്ല” എന്നു എന്റെ അമ്മ പറയും... ചുള്ളത്തി ഉദ്ദേശിച്ചത്‌ ഞാനൊരു അനാവശ്യ വാശിക്കാരനാണെന്നാണ്. പക്ഷേ മഷിത്തണ്ടിനെ സഹായിച്ച രണ്ടു വാശികള്‍ ഞാന്‍ പിടിച്ചിട്ടുണ്ട്.
ഒന്ന്) വലയില്ലാത്ത മീന്‍ പിടിക്കുന്നതു പോലെയാണ് കമ്പ്യൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് പഠിക്കുന്നത്‌. അതുകൊണ്ട് കമ്പ്യൂട്ടര്‍ വാങ്ങി തന്നില്ലെങ്കില്‍ ഞാന്‍ ഇനി കോളേജില്‍ പോകില്ല. സീമന്ത പുത്രന്റെ ശാഠ്യം കണ്ട് അപ്പന്‍ ചില്ലറയല്ല പകച്ചത്‌. മച്ചാന്‍ പകരം ഒരു നിബന്ധന വെച്ചു. വാങ്ങി തരാമെന്നു പറഞ്ഞിരുന്ന ബൈക്ക് തരില്ല. പകരം കമ്പ്യൂട്ടര്‍. അങ്ങിനെ ഒരു ടീനേജുക്കാരന്റെ ബൈക്ക് എന്ന മോഹം അവിടെ ഉപേക്ഷിച്ചു.

രണ്ടാമത്തെ വാശി) വരമൊഴി എഡിറ്റര്‍ കണ്ടിട്ടും അതില്‍ ബ്ലോഗ് ചെയ്യില്ല എന്ന ശപഥം. കാരണം ... നാണാവില്ലേടാ നിനക്കു വേറെ ആണ്‍പ്പിളേരെഴുതിയ സോഫ്റ്റ്‌വെയറും വെച്ച് ചവറ് എഴുതാന്‍‌ എന്ന മിഥ്യാഭിമാനം. നഷ്ടം എനിക്കു തന്നെ. കഷ്ടപ്പെട്ട് ഇം‌ഗ്ലീഷില്‍ ബ്ലൊഗിങ്. പക്ഷേ അതു ഗുണം ചെയ്തു. വരമൊഴി പതിവായി ഉപയോഗിച്ച് രസം പിടിച്ചിരുന്നെങ്കില്‍ മഷിത്തണ്ട് ഉണ്ടാകുമായിരുന്നില്ല.

മലയാളത്തിലെ മികച്ച സംരംഭങ്ങളില്‍ ഒന്നായ വരമൊഴിയുടെ സൃഷ്ടാവ് സിബുവിനേയും, മൊഴികീമാന്റെ സ്വന്തം രാജ് നേയും സര്‍വ്വോപരി അഞ്ചലിഓള്‍ഡ് ലിപ്പി എഴുതി മലയാളത്തിന് ഇന്റര്‍നെറ്റില്‍ ഒരു കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ കെവിനേയും ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. സന്തോഷ് തോട്ടിങലിന്റെ ഡിക്ഷണറിയും സ്പെല്‍ച്ചെക്കറും പരാമര്‍ശിച്ചില്ലെങ്കില്‍ ഈ അനുസ്മരണയോഗം പൂര്‍ണ്ണമാവില്ല. നിങ്ങള്‍ തെളിച്ചിട്ട പാതയിലൂടെ മഷിത്തണ്ടും നടന്നു വരുന്നു.

അതുശരി, ഡിക്ഷണറിയും സ്പെല്‍ച്ചെക്കറും ഉണ്ടായിട്ടും ഈ ചെക്കന്‍ പിന്നേയും അതു തന്നെ ഉരുവിടുന്നതെന്ത് എന്നു നിങ്ങള്‍ക്കു തോന്നാം. എന്തിനും ഏതിനും സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് അതു അപ്ഡേറ്റ് ചെയ്യുന്ന രീതിയോട് എനിക്കു യോജിപ്പില്ല എന്നതു തന്നെ കാരണം. എന്തും ഫ്രെഷ് ആയി നെറ്റില്‍. എവിടെ പോയാലും നമ്മോടൊപ്പം ഉണ്ടാകുന്ന ഇന്റര്‍നെറ്റ് ഉപകരണങ്ങളോട് എനിക്കു താത്പര്യം. അതുകൊണ്ടാണ് മഷിത്തണ്ട് ഇന്റര്‍നെറ്റില്‍ മാത്രം എന്ന തത്വം നടപ്പാക്കുന്നത്.

മഷിത്തണ്ടിന്റെ ലിപ്യന്തര ഉപകരണം
javascript നോട് പൊതുവേ താത്പര്യം ഇല്ലാത്ത ഞാന്‍ അതുപഠിച്ചു ;എന്നുപറഞ്ഞാല്‍ ടൂട്ടോറിയല്‍ നോക്കി പകര്‍ത്താന്‍ പഠിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഇതിനോടകം 150k javascript code എഴുതിയിട്ടും ആ സ്ഥിതിക്കു മാറ്റമൊന്നും ഇല്ല. compiler construction എന്ന വിഷയത്തിലെ recursive decent parser എന്ന തരം ‘കുന്ത്രാണ്ടം’ മഷിത്തണ്ടിനു വേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചു. കാരണം വേറെ ഒന്നും അല്ല. അതാണ് എനിക്കു എളുപ്പമായി തോന്നിയത്‌. അങ്ങിനെ മഷിത്തണ്ടിന്റെ ലിപ്യന്തരണ (transliterator) ഉപകരണം ഉണ്ടാക്കി. 2006 നവം‌ബര്‍ 1 ന് കേരളപിറവിയുടെ സുവര്‍ണ്ണ ജൂബിലി ദിനത്തില്‍ അതു പ്രസിദ്ധീകരിച്ചു. [ലിങ്ക്]

അങ്ങിനെ ആദ്യകടമ്പ കടന്നു കൂടി.

(തുടരണം എന്നുണ്ട്, നോക്കട്ടേ)

മഷിത്തണ്ടിന്റെ വിഡ്‌ജറ്റ് ഇപ്പോള്‍ ലഭ്യമാണ്.

താങ്കള്‍ക്ക് താങ്കളുടെ ബ്ലോഗില്‍ നിന്നു തന്നെ മഷിത്തണ്ടിന്റെ വിവിധ സേവനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്നതാണ്. നിഘണ്ടു ഉപയോഗിക്കാനും പദപ്രശ്നത്തിന്റെ പുതിയ മത്സരം തുടങ്ങിയോ എന്നറിയാനും‍ ഈ കുഞ്ഞുപകരണങ്ങള്‍ നിങ്ങളെ സഹായിക്കും.

ഇഷ്ടപ്പെട്ട വിഡ്ജെറ്റിന്റെ വലതുവശത്തുകാണുന്ന എച്ച്. ടി.എം.എല്‍ കോഡ് പകര്‍ത്തി നിങ്ങളുടെ ബ്ലോഗിലോ സൈറ്റിലോ ചേര്‍ത്താല്‍ മതി. നിങ്ങളുടെ വായനക്കാര്‍ക്കും ഒരുപക്ഷേ അതുപകരിച്ചേക്കാം. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍ മഷിത്തണ്ടിനു കഴിയുകയും ചെയ്യും.

http://mashithantu.com/public/banner/


Blogger SetUp
1. Login-> Layout -> Page Elements
2. Add a gadget
3. HTML/JavaScript
4. type mashithatu on "Title"
5. Paste widget code on "Content" box
6. Save (widget)
7. Preview/Save (template)

WordPress SetUp
1. Login-> Appearance -> Widgets
2. Drag&Drop "Text" to SideBar
3. type mashithatu on "Title"
4. Paste widget code on next box
5. Save (widget)
6. Close (widget)